GST says about MRP

ജിഎസ്ടി പ്രകാരം ഇനി എത്ര വില.. എംആർപിയെക്കുറിച്ച് കേന്ദ്രസർക്കാർ പറയുന്നത് ഇതൊക്കെയാണ്...

ദില്ലി: ചരക്ക് സേവന നികുതി (ജി എസ് ടി) നിലവിൽ വന്നതോടെ കേന്ദ്രസർക്കാർ പരമാവധി ചില്ലറ വിൽപന വില (എം ആർ പി) സംബന്ധിച്ച നിയമങ്ങൾ പുറത്തിറക്കി. ജി എസ് ടി പ്രാബല്യത്തിൽ വന്നതോടെ സാധന സാമഗ്രികൾക്ക് വില കൂടുകയും കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. ഈ മാസം ഒന്നാം തീയതി മുതലാണ് ഏകീകൃത നികുതിയായ ജി എസ് ടി നിലവിൽ വന്നത്.

ജി എസ് ടി പ്രകാരം ഒരു സാധനത്തിന്റെ വില കൂടിയാൽ എന്ത് ചെയ്യണം? ചെയ്യേണ്ടത് ഇതാണ്, നിർമാതാക്കൾ ചുരുങ്ങിയത് രണ്ട് പത്രങ്ങളിൽ ഇത് സംബന്ധിച്ച പരസ്യം കൊടുക്കണം. കഴിഞ്ഞോ ഇല്ല. പിന്നെയോ. സാധനത്തിന്റെ പുതുക്കിയ വിലയും പഴയ വിലയും കാണിച്ചിരിക്കണം. ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് ശ്രീവാസ്തവ അറിയിച്ചതാണ് ഇക്കാര്യം.

gst

എന്തായാലും ഇതിനായി മൂന്ന് മാസത്തെ സാവകാശം നൽകാൻ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ മുപ്പതോടെ ഇക്കാര്യം നിർബന്ധമാക്കും എന്ന് സാരം. പഴയ സ്റ്റോക്കുകളുടെ കാര്യം പരിഗണിച്ചാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. എന്തായാലും പഴയ സ്റ്റോക്കായാലും ജി എസ് ടി പ്രകാരമുള്ള പുതിയ വിലയും പഴയ വിലയും സാധനത്തിന് മേൽ പതിച്ചിരിക്കണം

ജി എസ് ടി പ്രകാരം വില കുറയുന്ന സാധനങ്ങൾ‌ക്ക് പത്രത്തിൽ പരസ്യം കൊടുക്കേണ്ട കാര്യമില്ല. എന്നാൽ സാധനത്തിന് മേൽ പുതിയ വിലയും പഴയ വിലയും പതിച്ചിരിക്കണം. പാക്കേജിങ് പ്രശ്നങ്ങൾ മുൻനിർത്തിയാണ് പുതുക്കിയ വില മാത്രം പതിച്ച ശേഷം സെപ്തംബർ 30 വരെ നിലവിലുള്ള സ്റ്റോക് വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.